Sunday, July 21, 2013

ദാ... ആ വാനിനുമപ്പുറം

ഓരോ ദിവസവും ഓരോ നക്ഷത്രങ്ങളെ പോലെ അവളുടെ ജീവിതത്തിലേയ്ക്ക് കടന്നുവന്നു. തിളങ്ങിയും മങ്ങിയും കണ്ണുചിമ്മിയും. ഓരോ ദിവസവും അവളെ കൂടുതൽ സൌന്ദര്യമുള്ളവളുമാക്കിതീർത്തു. സ്വപ്‌നങ്ങൾ അവളിൽ തഴച്ചു വളരുകയും പൂവിടുകയും ചെയ്യ്തു. അമ്മയുടെ മടിയുടെ സ്നേഹച്ചൂടിൽ കഥകളൊരായിരം വിടരുകയും  അതിന്റെ സൌരഭ്യത്തിൽ പൂമ്പാറ്റയെപോലെ അവൾ പാറി നടക്കുകയും ചെയ്യ്തു. അവളുടെ ഓരോ കാല്‍ചുവടുകളും അമ്മയുടെ നെഞ്ചില്‍ ഇക്കിളിയാക്കുകയും ചെയ്യ്തു. അമ്മ അറിയാത്ത ഒന്നും തന്നെ ആ മകളുടെ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല. 
ഒരു പ്രദേശമാകെ തണല്‍ വിതറുന്ന അമ്മമരത്തോടു പറ്റിചേര്‍ന്ന് അവളും വളര്‍ന്നു. അവരുടെ ബന്ധത്തിന്‍റെ ദൃഡതയില്‍ കുടുംബം വേരാഴ്ന്നു വളര്‍ന്നു. 
പൊട്ടിചിരികളുടെയും കുഞ്ഞുമ്മകളുടെയും താളത്തില്‍ ദിവസങ്ങളില്‍ ഗാനങ്ങള്‍ നിറഞ്ഞു നിന്നു. 
ഒരിക്കല്‍ അമ്മയുടെ കാലില്‍ മുഖമമര്‍ത്തി കിടന്നുകൊണ്ടവള്‍ ചോദിച്ചു ,
"അമ്മയ്ക്ക് എന്നോട് എത്രയാ ഇഷ്ടം ? "
അമ്മ ചിരിക്കുക മാത്രം ചെയ്യ്തു. 
അവള്‍ ഉത്തരത്തിനായി വാശി പിടിച്ചു . 
അമ്മ പറഞ്ഞു , " നീയെന്താ പൊന്നെ കുഞ്ഞു കുട്ടികളെ പോലെ ? നിനക്കറിഞ്ഞൂടെ അമ്മയുടെ നെഞ്ച് മുഴുവന്‍ നീയാണെന്ന്. "
അവള്‍ പറഞ്ഞു ," അത് എനിക്കറിയാം, എങ്കിലും അമ്മയുടെ സ്നേഹത്തിന് ഓരളവ് പറഞ്ഞൂടെ ?? "
അവളെ സമാധാനിപ്പിക്കാനെന്നോണം അമ്മ അവളുടെ ഇടതൂര്‍ന്ന മുടിയിലൂടെ കയ്യോടിച്ചുകൊണ്ട്  പറഞ്ഞു. " ശെരി, അമ്മയ്ക്ക് പൊന്നിനെ ഈ ആകാശത്തോളം ഇഷ്ടാണ്. " 
തൃപ്തി വരാത്തത് പോലെ അവള്‍ ചോദിച്ചു , "അത്രേ ഉള്ളു ? "
അല്‍പംനേരം മിണ്ടാതിരുന്ന് പിന്നെ അമ്മ അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി പറഞ്ഞു , " അതിനുമപ്പുറം എന്താണെന്ന് നമുക്കറിയില്ലല്ലോ. അറിയുമ്പോ അമ്മ പറയാം അത്രത്തോളം നിന്നെ ഇഷ്ടാണെന്ന്."
അത് വെറും ഉത്തരം മാത്രമായിരുന്നുവെന്ന് രണ്ടാള്‍ക്കും അറിയാമായിരുന്നു. ഒരമ്മയുടെയും സ്നേഹത്തിന് അളവുണ്ടാവില്ലെന്നു എത്രയോ നാളുകള്‍ക്കു മുന്‍പേ അമ്മ തനിക്കു മനസ്സിലാക്കിതന്നതാണെന്ന് അവളോര്‍ത്തു.

വര്‍ഷങ്ങള്‍ നീണ്ട വളവുകള്‍ പോലെ , മുന്‍പെന്തെന്നു കാണിക്കാതെ നീങ്ങി. കാലങ്ങള്‍ക്ക് നിഷ്പ്രഭമാക്കാനാവാതെ അവളുടെ മുഖവും തിളങ്ങി. പൂമുഖത്തും പൂവള്ളികളിലും അമ്മയുടെ പ്രഭയും. ഒരു പ്രഭാതത്തില്‍ , അവള്‍ക്കു പതിവുള്ള കാപ്പിയും അമ്മയുടെ ചുംബനവും  മുറിയിലെത്തിയില്ല. മെല്ലെ എഴുന്നേറ്റ് പടികളിറങ്ങുമ്പോള്‍ ഇന്നേവരെ മിടിക്കാത്തത് പോലെ ഹൃദയം മിടിച്ചു. വിരലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഇത്രയും വര്‍ഷമായി തെറ്റാത്ത പതിവ് ഇന്നെന്താണ്.... ?? അവളുടെ ഉള്ളിലൊരു നെരിപ്പോട് നീറി. അമ്മയുടെ മുറിയുടെ വാതില്‍ ചാരിക്കിടന്നിരുന്നു. അച്ഛന്‍ ദൂരയാത്ര പോയതിനാല്‍ അമ്മ അല്‍പം നേരം കൂടുതല്‍ വിശ്രമിക്കുകയാവുമെന്ന സമാധാനത്തോടെ അവള്‍ വാതില്‍ തുറന്നു. മുറിയില്‍ അമ്മ ചലനമറ്റു കിടന്നു. ഹൃദയം മിടിക്കുന്നുണ്ടായിരുന്നു. അവള്‍ ബഹളമുണ്ടാക്കി അമ്മയെ വിളിച്ചു. കണ്ണുകള്‍ അമ്മ തുറന്നില്ല. 
അവളുടെ ബഹളം കേട്ട്, ചേട്ടനും മറ്റും ഓടിയെത്തി അമ്മയെ ആശുപത്രിയിലെത്തിച്ചു. രക്തസമ്മര്‍ദം കുറഞ്ഞത്‌ കൊണ്ട്, ബോധമറ്റതാണെങ്കിലും വിദഗ്തമായൊരു ചെക്ക്‌ അപ്പ്‌ നല്ലതാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 
അവള്‍ അമ്മയോട് ഒട്ടിക്കിടന്നു. കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു. അമ്മ അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു. "പൊന്നെന്തേ കരയുന്നത് ? അമ്മ കൂടെ തന്നെ ഇല്ലേ ? "
അമ്മയോടവള്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു , " അമ്മയില്ലാത്ത ഒരു പ്രഭാതം പോലും എന്‍റെ ജീവിതത്തില്‍ ഉണ്ടാവരുത് എന്നാണെന്‍റെ ആഗ്രഹം."
അമ്മ പറഞ്ഞു, " അതൊക്കെ മാറും പൊന്നെ,നിനക്കൊരു ഇണയും തുണയുമൊക്കെ ആവുമ്പോ, നീ  ജീവിക്കാന്‍ പഠിക്കും. അമ്മയെ വിട്ട്."
അവള്‍ ഏങ്ങിക്കരഞ്ഞു. അമ്മ അവളെ തുടരെ ചുംബിച്ചു. 
ആശുപത്രി വിട്ടിട്ടും അമ്മയുടെ അസ്വാസ്ഥ്യങ്ങള്‍ മാറിയില്ല. ചിലപ്പോഴൊക്കെ  അവളുടെ അമ്മയ്ക്ക് കടുത്ത പനിയും, ശരീരവേദനയുമുണ്ടായി. അവള്‍ ഓരോ രാവും പകലും അമ്മയോടൊപ്പമിരുന്നു. ദിവസങ്ങള്‍ക്കു നിറം മങ്ങുകയും, പൂമുഖത്തെ വള്ളിചെടികള്‍ വാടിവീഴുകയും ചെയ്യ്തു. 
അച്ഛന്‍ വന്നപ്പോഴേ അമ്മയെയും കൂട്ടി വിദക്ത ചികിത്സയ്ക്കായ് കൊണ്ട് പോയി. അവിടെ വച്ച് അമ്മയുടെ കരളിന്‍റെ തകരാറിനെ പറ്റിയും അത് മറ്റവയവങ്ങളെ ബാധിച്ചു തുടങ്ങിയതായും ഡോക്ടര്‍ അറിയിച്ചു. 
അമ്മയുടെ ജീവന്‍ ഒരു നൂല്‍പ്പാലത്തിലാണെന്നും ഇനിയെത്ര കാലം അമ്മയുടെ പുഞ്ചിരി കുടുംബത്തെ വിളക്കാവുമെന്നറിയില്ലെന്നുമുള്ള സത്യം അവളുടെ അച്ഛനെ മുറിവേല്‍പ്പിച്ചു. ഡോക്ടറുടെ മുറിയെ അച്ഛന്റെ കണ്ണീര്‍ മണിക്കൂറോളം നോവിലാഴ്ത്തി. ഒടുവില്‍ ഡോക്ടര്‍ പറഞ്ഞു , " എന്താ ചെയ്യാന്‍ പറ്റുന്നതെന്ന് നമുക്ക് നോക്കാം. ഒരു ശസ്ത്രക്രിയ നടത്താം , ഒന്നുകില്‍ വേദനയില്‍ നിന്നും ഒരല്‍പം മോചനം , അല്ലെങ്കില്‍ ........... " 
തീരുമാനമെടുക്കാനാവാതെ അച്ഛനിരുന്നു. എങ്കിലും അമ്മ വേദനയോടെ പുളയുന്ന കാഴ്ച അവളുടെ അച്ഛന് അസഹനീയമായതായിരുന്നു. ശസ്ത്രക്രിയ നടത്താന്‍ സമ്മതം നല്‍കി വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ , അവളുടെ അച്ഛന്റെ നെഞ്ചില്‍ ഒരായിരം മുള്ളുകളാഴുന്ന വേദനയായിരുന്നു. എങ്കിലും മുഖത്ത് സുന്ദരമായൊരു ചിരിയുടെ മൂടുപടമണിഞ്ഞ് അദ്ദേഹം വീട്ടില്‍ വന്നു.  ശസ്ത്രക്രിയ അമ്മയ്ക്ക് ആശ്വാസമുണ്ടാക്കും എന്ന് പറഞ്ഞപ്പോള്‍ ആരും അതിനെ എതിര്‍ത്തില്ല. അവള്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല. 
അവളുടെ സ്വപ്നങ്ങളും, ചിന്തകളും മനസ്സും നിറയെ അമ്മയായിരുന്നു. തന്നെ മടിയില്‍ കിടത്തി  പുന്നാരിക്കുന്ന , തന്നെ വാനോളം സ്നേഹിക്കുന്ന , തന്‍റെ മുറ്റം നിറയെ പൂക്കള്‍ വിടര്‍ത്തുന്ന , വേദനയില്ലാത്ത അമ്മ. 
ശസ്ത്രക്രിയ കഴിഞ്ഞു. അവളെ പത്തു മാസം ചുമന്ന , എല്ലാ വൈകുന്നേരങ്ങളിലും തന്‍റെ തലവച്ചുറങ്ങുന്ന അമ്മയുടെ വയറിന്‍റെ ഒരു ഭാഗം അനസ്തേഷ്യ നല്‍കാതെ കീറി. ശസ്ത്രക്രിയ നടത്തി.(കരള്‍ ബാധിത രോഗമായിരുന്നതിനാല്‍ അനസ്തേഷ്യനല്‍കാന്‍ പാടില്ലായിരുന്നു) ഒപറേഷന്‍ തിയറ്ററില്‍ കയറ്റിയപ്പോള്‍ മുതല്‍ അവളുടെയും, ആ കുടുംബത്തിലെയും ഓരോ അംഗങ്ങളുടെയും ചങ്കിന്‍റെയകത്ത് ഒരു നൂറു മൃദംഗങ്ങള്‍ നിറുത്താതെ കൊട്ടി. 
ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ദിവസങ്ങളിലൊന്നും അമ്മ മിണ്ടിയില്ല. ഉള്ളിന്‍റെയുള്ള് നിറയെ വേദന ചുറ്റുപിണഞ്ഞു കിടന്നു. നിശബ്ദമായ് അമ്മ അതെല്ലാം സഹിച്ചു. അവള്‍ അമ്പലങ്ങളില്‍ മണിക്കൂറുകളോളം അമ്മയ്ക്കായ് കേണു പ്രാര്‍ഥിച്ചു. കരഞ്ഞു പ്രാര്‍ഥിച്ചു. അമ്മയെ ജീവനോടെ തിരിച്ചു തന്നതില്‍ ഓരോ നിമിഷവും നന്ദി അറിയിച്ചു.അറവു ശാലയിലെയ്ക്കു നടക്കുന്ന മാടുകളെ പോലെ  വേദനയുടെയും കനത്ത മൂകതയുടെയും രണ്ടാഴ്ചകള്‍ കടന്നു പോയി. 
രണ്ടാമാഴ്ച്ചയുടെ അവസാന ദിവസം ഐ സി യു വില്‍ രണ്ടാള്‍ക്ക്‌ കയറുവാനുള്ള അനുവാദം ലഭിച്ചപ്പോള്‍, അമ്മയുടെ അടുത്തേയ്ക്ക് അവളും അച്ഛനും കയറിചെന്നു. സര്‍വ്വ വേദനയും കടലുപോലെ ഉള്ളിലൊതുക്കി അമ്മ അവളുടെ മുഖത്തേയ്ക്കു നോക്കി.അവളുടെ മുഖം നിലത്തു വീണു പോയ മുല്ലമൊട്ടു പോലെ പ്രകാശം കെട്ടതും ദുരിതപൂര്‍ണ്ണവുമായിരുന്നു. അവളുടെ കരങ്ങള്‍ കയ്യിലെടുത്ത് അമ്മ പറഞ്ഞു, "പൊന്നിനെ അമ്മയ്ക്ക് എത്രയാ ഇഷ്ടംന്നറിയ്യോ ??"  അമ്മയുടെ ചോദ്യം അവളുടെ ആഴത്തില്‍ പോയി തൊട്ടു. അവളുടെ ആഴങ്ങളില്‍  മദം പൊട്ടിയ കാട്ടാനയെ പോലെ നൊമ്പരം സര്‍വ്വം ഉഴുതു മറിച്ചു. ആ ചോദ്യത്തിന്‍ തുമ്പില്‍ അമ്മ തന്‍റെ അവസാന ശ്വാസം വലിച്ചു. സ്നേഹപൂര്‍ണ്ണമായ ആ  ചോദ്യത്തിന് ഉത്തരം കേള്‍ക്കാനോ നല്‍കാനോ നില്‍ക്കാന്‍ മരണം അമ്മയെ അനുവദിച്ചില്ല. അച്ഛന്റെ മുഖത്തേയ്ക്കു നോക്കും മുന്‍പേ അവളുടെ അമ്മയുടെ കണ്ണുകള്‍ സ്തംഭിച്ചു. അമ്മയുടെ കാല്‍ക്കല്‍ , ഞെട്ടില്‍ നിന്നും കൊഴിഞ്ഞ ഇലപോലെ അവള്‍ തളര്‍ന്നു വീണു. 
കാലം കഴിഞ്ഞു. അവള്‍ക്കു ഇണയും തുണയുമുണ്ടായി. അച്ഛനും ഹൃദയവേദനയില്‍നിന്നും മെല്ലെ പുറത്തുവന്നു. ആ മറഞ്ഞ പുഞ്ചിരിയുടെ ഓര്‍മ്മകളില്‍ ജീവിക്കാന്‍ അദ്ദേഹം പഠിച്ചു. 
ഇടയ്ക്കിടയ്ക്ക്, ചില രാത്രികളില്‍ ഉറക്കം വിട്ടവന്‍ ഉണരുമ്പോള്‍., ജനാലയിലൂടെ ആകാശത്തേയ്ക്ക് നോക്കി അവള്‍ നില്‍ക്കുന്നത് കാണാമായിരുന്നു. ഒരിക്കല്‍ അവന്‍ ചോദിച്ചു,
"നീയെന്താണീ നോക്കുന്നത് ?? "
അവള്‍ പറഞ്ഞു, " അമ്മയ്ക്കെന്നെ എത്ര ഇഷ്ടമായിരുന്നെന്നോ.. "
 അവളെ തന്‍റെ മാറോടു ചേര്‍ത്തു ചുംബിച്ചുകൊണ്ട് അവന്‍ പറഞ്ഞു , "ഹ്മം .. എനിക്കറിയാം... അതാ ആ വാനോളം... "
അവള്‍ അവന്‍റെ കണ്ണുകളുടെ അഗാധതയോളം നോക്കി പറഞ്ഞു... " അല്ല... അവസാനമായ് അമ്മ എന്നോടത് ചോദിച്ചപ്പോള്‍, അമ്മയ്ക്കറിയാമായിരുന്നു , ആ വാനിനുമപ്പുറo എന്തായിരുന്നു എന്ന്.. വേദനകള്‍ അമ്മയെ അപ്പോഴേയ്ക്കും അവിടെ എത്തിച്ചിരുന്നു...! " 
അവള്‍ പറഞ്ഞു വരുന്ന വാക്യത്തിനൊടുവില്‍ നീണ്ടൊരു വിങ്ങലുണ്ടെന്നറിഞ്ഞ്‌,പിന്നീടൊന്നും പറയാന്‍ സമ്മതിക്കാതെ, അവന്‍ അവളെ വാരിപ്പുണര്‍ന്നു. അവന്റെ കൈകള്‍ക്കുള്ളില്‍ അവള്‍ എല്ലാം മറന്നു... ! പിറ്റേന്ന് പ്രഭാതത്തില്‍ കാപ്പിയുമായ് നടകള്‍ കയറിചെന്നപ്പോള്‍, അവളെ നോക്കി രണ്ടു വെള്ളാരംകല്ലുകള്‍ ചോദിച്ചു, " അമ്മാ... അമ്മയ്ക്ക് എന്നോട് എത്രാ ഇഷ്ടo.. ?ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു... " ദാ നോക്കൂ... ആ നീലാകാശത്തിനുമപ്പുറം എനിക്കെന്‍റെ പൊന്നിനെ ഇഷ്ടാ .... " !!
അത് കേട്ട്... ആ വെള്ളാരം കല്ലുകള്‍ പ്രകാശിച്ചു... !!!  

1 comment:

  1. ഇത് "കഥ" ഗ്രൂപ്പില്‍ വായിച്ചിരുന്നുന്നു തോന്നല്‍ :) ആ അമ്മയ്ക്ക്, എല്ലാ അമ്മമാര്‍ക്കും, അമ്മ മനസുകള്‍ക്ക്...... ഒരുപാട് ഇഷ്ടം... ആശംസകള്‍

    ReplyDelete